ഒട്ടനേകം വൈദീകരുടെ ഗുരുഭൂതനായി നാല് പതിറ്റാണ്ടുകളോളം സുറിയാനി ഭാഷയും ആരാധനാക്രമവും അഭ്യസിപ്പിച്ച ആത്മീയാചാര്യനായ സുറിയാനി മല്പാൻ, ഇടവകാംഗങ്ങളുടെ മനസ്സറിഞ്ഞ ശ്രേഷ്ഠ ഇടയനായ ഇടവക വികാരി, അജപാലകരുടെ റോൾ മോഡൽ,,,
എന്നിങ്ങനെ വിശേഷണങ്ങളുടെ പട്ടിക നീളുന്ന 12 സ്കൂട്ടർ ആക്സിഡന്റും 2 മേജർ ശസ്ത്രക്രീയകളും അത്ഭുതാവഹം തരണം ചെയ്ത മരിയ ഭക്തനും, വിശുദ്ധ യൂദാ തദ്ദേവൂസിന്റെ മദ്ധ്യസ്ഥതയുടെ സാക്ഷിയുമായിരുന്ന വന്ദ്യ ബഹുമാനപ്പെട്ട മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പയുടെ ജീവിതയാത്രയുടെ ഒരു രൂപരേഖ കുറിയ്ക്കാൻ ഒരു ചെറിയ ശ്രമം നടത്തട്ടെ.
കല്ലൂപ്പാറ കരിമ്പിൽ ഭവനത്തിൽ, കരിമ്പിൽ മാത്തന്റെയും കല്ലൂപ്പാറ പുലിപ്ര മറിയാമ്മയുടെയും മകനായി (ആറുമക്കൾ) 1933 നവംബർ 13ന് ജനനം. 'തങ്കച്ചൻ' എന്നായിരുന്നു വിളിപ്പേർ എങ്കിലും മാമോദീസ പേരായ 'മാത്യു' എന്ന പേരിൽ ആണ് പിൽക്കാലത്ത് അറിയപ്പെട്ടിരുന്നത്. കല്ലൂപ്പാറയിലെ മാർത്ത മറിയം വലിയപള്ളിയിൽ ആയിരുന്നു വിശുദ്ധ മാമ്മോദീസയും വിശുദ്ധ മൂറോൻ അഭിഷേകവും.
1942 ൽ കരിമ്പിൽ കുടുംബം പുനരൈക്യപ്പെട്ട് കളമ്പാല ഇടവകയിൽ ചേരുമ്പോൾ മാത്യുവിന് (കരിമ്പിലച്ചൻ) 9 വയസ്സ് പ്രായമായിരുന്നു. കളമ്പാലയിൽ സെയ്ന്റ് ആന്റണി മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ ചരിത്രത്തിന് പുനരൈക്യ പ്രസ്ഥാനത്തിന്റെ തുടക്കത്തിനു മുൻപ് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ട പാലനിൽക്കുന്നതിൽ കോരുത് വൈദ്യരുടെയും , പാലനിൽക്കുന്നതിൽ തെവറോലിൽ തൊമസിന്റെയും (കുഞ്ഞച്ചനും) ശ്രമങ്ങൾ വിസ്മരിയ്ക്കാനാകില്ല.
അക്ഷരാഭ്യാസം കണ്ടംപേരൂർ നിലത്തെഴുത്ത് കളരിയാശാനിൽ നിന്നും സ്വായദ്ധമാക്കിയ തങ്കച്ചൻ (കരിമ്പിൽ കോർ എപ്പിസ്കോപ്പ), ബ്രദറൺ സഭക്കാരുടെ നെല്ലിക്കമൺ ഊട്ടുപ്പാറയിലെയും, കരിയംപ്ലാക്കലിലെയും സ്കൂളുകളിൽ ഒന്നുമുതൽ എഴ് വരെയുള്ള ക്ലാസ് പഠന ശേഷം കുമ്പളന്താനം വലിയകുന്നം സെൻറ് മേരീസ് സ്കൂളിൽ പത്താംതരം പാസ്സായി. 1952 ജൂൺ ഒന്നിന് തിരുവല്ല മൈനർ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു.
രാത്രിയാമങ്ങളിൽ വിശുദ്ധ കുർബ്ബാനയ്ക്ക് മുന്നിൽ ഏകനായി മുട്ടുകുത്തി ഇരു കരങ്ങളും വിരിച്ച് പിടിച്ച് പ്രാർത്ഥനാ നിമഗ്നനായി നിന്നിരുന്ന ഭാഗ്യസ്മരണീയനായ വാളക്കുഴിയിൽ അബൂൻ ജോസഫ് മോർ സേവറിയോസ് മെത്രാപ്പോലീത്തായെ തിരുവല്ല മൈനർ സെമിനാരിയിൽ ആയിരിയ്ക്കുമ്പോൾ പലവട്ടം കാണാനിടയാത്, പിന്നീട് തങ്കച്ചൻ എന്ന യുവാവ് മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പയായി മാറിയതിനു ശേഷവും തന്റെ അവസാന ശ്വാസം വരെയ്ക്കും മുറുകെ പിടിച്ചിരുന്ന പ്രാർത്ഥനയ്ക്കും ഉപവാസത്തിനും പ്രേരണയായി.
പാട്ടുപാടുവാനുള്ള മാത്യുവിന്റെ സ്വയസിദ്ധ വാസന മനസ്സിലാക്കിയ മോർ സേവറിയോസ് തിരുമേനി ഞായറാഴ്ച ഇടവകകളിലെ വിശുദ്ധ കുർബ്ബാനയ്ക്ക് കൂടെ കൂട്ടിയിരുന്നതും, വന്ദ്യ തോമസ് മൂലമണ്ണിൽ മല്പാന്റെ ശിക്ഷണവും ആരാധനാക്രമത്തോടും സുറിയാനി ഭാഷയോടും ഗീതങ്ങളോടുമുള്ള താത്പര്യം വർദ്ധിപ്പിക്കാൻ പ്രോത്സാഹനമായി മാറി.
ഭാഗ്യസ്മരണാർഹനായ ആബൂൻ സഖറിയാസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്താ 1960 മാർച്ച് 15-ന് ശെമ്മാശപട്ടവും , 1961 മാർച്ച് 14 - ന് വൈദീകപട്ടവും നൽകി അഭിഷിക്തനാക്കി.
മോർ അത്തനാസിയോസ് പിതാവിന്റെ പ്രാർത്ഥനാ ശീലവും ലിറ്റർജിയിലുള്ള നിഷ്ഠയും ജീവിതത്തിൽ അനുദിനം ശീലിച്ചു.പ്രാർത്ഥനാ സിദ്ധൻ
വൈദീകനായ നാൾ മുതൽ (1961 മാർച്ച് 14) ഔദ്യോഗികമായി വിശ്രമത്തിൽ ആകുന്ന നാൾ (2009 ഫെബ്രുവരി 15) വരെയും എല്ലാ ദിവസവും ഒരു നേരം നിഷ്ഠയോടെ ഉപവസിച്ച കരിമ്പിലച്ചനു ഒരു പ്രത്യേക 'സിദ്ധി'യുണ്ടെന്ന് അച്ചനെ അറിയാവുന്നവർ പറയുമായിരുന്നു.
ജാതിമത വ്യത്യാസമന്യേ അനേകം ആളുകൾ കരിമ്പിലച്ചന്റെ പ്രാർത്ഥനയുടെയും ഉപദേശത്തിന്റെ ഫലമായി ധാരാളം പ്രശ്നങ്ങൾക്ക് പരിഹാരം ലഭ്യമായിരുന്നെന്ന് അച്ചൻ ജീവിച്ചിരിയ്ക്കുമ്പോൾ തന്നെ സാക്ഷിച്ചിരുന്നു.
എല്ലാ ദിവസവും സന്ധ്യാ നമസ്കാരത്തിനു ശേഷം എട്ട് മണിമുതൽ ഒൻപത് മണിവരെ വ്യക്തിപരമായ പ്രാർത്ഥനയ്ക്കും മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പ സമയം മാറ്റിവച്ചിരുന്നു.
മെത്രാഭിഷിക്തരായ പ്രീയ ശിഷ്യർ
40 വർഷക്കാലം വൈദീകാർത്ഥികളുടെ ഗുരുവായിരുന്ന കരിമ്പിൽ മാത്യു കോർ എപ്പിസ്കോപ്പയുടെ പ്രീയ ശിഷ്യരിൽ മെത്രാഭിഷിക്തരായവർ
1. ഭാഗ്യസ്മരണീയനായ ആബൂൻ ഗീവർഗീസ് മോർ ദിവന്നാസിയോസ് മെത്രാപ്പോലിത്ത.
2. അഭിവന്ദ്യ ആബൂൻ എബ്രഹാം മോർ യൂലിയോസ് മെത്രാപ്പോലീത്ത.
3. അഭിവന്ദ്യ പീലിപ്പോസ് മോർ സ്തെഫാനൊസ് മെത്രാപ്പോലീത്ത.
വന്ദ്യ മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പയുടെ ലഘു ചരിത്രം.
ജനനം
1931 നവംബർ 13
മാതാപിതാക്കൾ
കല്ലൂപ്പാറ കരിമ്പിൽ മാത്യു (കുട്ടി) മറിയാമ്മ
സെമിനാരി ജീവിതം.
1952 ജൂൺ 1
തിരുവല്ല മൈനർ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു.
1954 - '61ൽ ഫിലോസഫി , തിയോളജി പഠനത്തിനായി ആലുവ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിൽ.
ശെമ്മാശപട്ടം.
1960 മാർച്ച് 15-ന് ഭാഗ്യ സ്മരണീയനാ സഖറിയാസ് മാർ അത്തനാസിയോസ് പിതാവിൽ നിന്ന്,
പൗരോഹിത്യം (കശ്ശീശൊ പട്ടം).
1961 മാർച്ച് 14 - ന് ഭാഗ്യ സ്മരണീയനായ സഖറിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത അഭിഷേകം ചെയ്തു.
കർമ്മ വീഥിയിൽ...
1961
മേരിഗിരി അരമനയിൽ മിനിസ്റ്റർ ആയി സേവനം അനുഷ്ഠിച്ചതിനോടൊപ്പം മൈനർ സെമിനാരിയിൽ സുറിയാനിയും ആരാധന ഗീതങ്ങൾ പഠിപ്പിക്കാനായും പുളിക്കീഴ് ഇടവകയുടെ സഹവികാരിയായും നിയമിതനായി.
1962
തിരുവല്ല കത്തീഡ്രൽ സഹവികാരിയായി ശുശ്രൂഷിച്ചു.
1963 മുതൽ 2009 വരെ
തലവടി, എടത്വ, നെടുമ്പ്രം ,അമിച്ചകരി , തോട്ടഭാഗം, കോട്ടൂർ, ഇരവിപേരൂർ, പുറമറ്റം, മാരാമൺ, പൂവത്തൂർ, ചെങ്ങരൂർ, കുന്നന്താനം, ആലംതുരുത്തി, പുളിക്കീഴ്, നിരണം, കടമാൻകുളം, കുമ്പനാട്, മാന്നാർ, നെടുമ്പ്രം, മുക്കൂർ ഇടവകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു.
2009 മുതൽ കുറ്റൂർ , സ്നേഹ ഭവനിൽ വിശ്രമ ജീവിതത്തിലേക്ക്. വികാരിയായി സേവനം അനുഷ്ഠിച്ചതിനൊപ്പം വൈദിക വിദ്യാർത്ഥികളെ 40 വർഷക്കാലം സുറിയാനി ഭാഷയും , മലങ്കര ആരാധന ഗീതങ്ങളും , ലിറ്റർജിയും പഠിപ്പിച്ചു. നിരണം, മല്ലപ്പള്ളി മേഖലകളിൽ ഡിസ്റ്റിക്ക് വികാരിയായും സേവനം അനുഷ്ഠിച്ചു. മേൽപ്പട്ട സ്ഥാനം, വൈദീകരുടെ പട്ടം, മൃതസംസക്കാര വേളകളിൽ മാസ്റ്റർ ഓഫ് സെറിമണിയായിട്ട് നേതൃത്വം നല്കി.
12 പ്രാവശ്യത്തെ സ്കൂട്ടർ അപകടവും രണ്ട് മേജർ ശസ്ത്രക്രീയകളും തരണം ചെയ്ത വന്ദ്യ മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പ പ്രാർത്ഥനയിലും ഉപവാസത്തിലും ലാളിത്യത്തിലും തന്റെ ജീവിതം എല്ലാവർക്കും മാതൃകയാക്കി. ആർഭാടങ്ങളിൽ നിന്ന് ഒഴിഞ്ഞ് ആത്മീയതയ്ക്ക് മുൻതൂക്കം കൊടുത്തു.
കുടുംബാംഗങ്ങൾ
വന്ദ്യ മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പയുടെ ചെറുപ്പത്തിൽ മാതാവും, 1990-ൽ പിതാവും നിത്യതയിലേക്ക് ചേർക്കപ്പെട്ടു.
നാല് സഹോദരിമാരിൽ ഏറ്റം മൂത്ത സഹോദരി കരിമ്പിൽ അമ്മാമ്മ എന്നറിയപ്പെടുന്ന മറിയാമ്മ മാത്തൻ 2009 ജനുവരിയിലും ഒന്നര മാസം കഴിഞ്ഞ് വരവൂർ മേനായത്തിൽ തടത്തിൽ കെട്ടിച്ച ചിന്നമ്മ എന്ന സഹോദരിയും ഈ ലോകത്തോട് വിടവാങ്ങി.
മറ്റ് സഹോദരങ്ങളായ
കോട്ടയം പെരുമാലിൽ ഏലിയാമ്മയും, ഭവനത്തിലുള്ള പൊടിയമ്മയും ഏക സഹോദരൻ ഫിലിപ്പ് കുടുംബത്തിൽ താമസിക്കുന്നു.
ബഹു. മാത്യു (സണ്ണി) തടത്തിച്ചൻ സഹോദരി ചിന്നമ്മയുടെ മകനും, ബഹു. ജോസ് മാത്യു (ജോളി) കരിമ്പിലച്ചൻ സഹോദരൻ ഫിലിപ്പിന്റെയും മകനാണ്.
തന്റെ സ്വർഗ്ഗയാത്രയ്ക്കുള്ള സമയം ആഗതമായെന്ന് മനസ്സിലാക്കിയ കരിമ്പിലച്ചൻ തന്റെ അന്ത്യോപചാര ചടങ്ങുകൾ എറ്റം ലളിതമായിട്ട് മതിയെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഏതാനും മണിക്കൂറുകൾക്ക് മാത്രമായി പണം മുടക്കിയുള്ള പുഷ്പചക്രം വയ്ക്കാൻ ആഗ്രഹിക്കുന്നവർ അതിനായുള്ള കാശ് കവറിലാക്കി പ്രത്യെകമായി ഒരുക്കിയയിടത്ത് നിക്ഷേപിയ്ക്കുവാനും നിരാലംബർക്ക് സഹായകരമാകുന്ന തരത്തിൽ വിനിയോഗിക്കാനും നിഷ്കർഷിച്ചിരുന്നത് ശ്രദ്ധേയമാണ്.
സംസ്കാര ശുശ്രൂഷ ആധുനികകാലത്തെ പോലെയുള്ള ലൈവ് ടെലകാസ്റ്റ് പോലും ചെയ്യുവാൻ ആയതിനാൽ തന്നെ സംഘാടകർക്ക് സാധിച്ചിരുന്നില്ല. ഈയുള്ളവന്റെ അറിവ് ശരിയാണെങ്കിൽ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഏകദേശം 70000 രൂപ തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ മെഡിസിന് പഠിക്കുന്ന യുവ ഡോക്ടർമാർ നേതൃത്വം നല്കുന്ന 'മിത്ര ' എന്ന സംഘടനയ്ക്ക് 2019 ഡിസംബർ 18 കൈമാറിയിട്ടുണ്ട്.അജി ജോസഫ് ✍️
വിവരങ്ങൾക്ക് കടപ്പാട്
ബഹു. ഫാ. ചെറിയാൻ താഴമൺ
ബഹു. ഫാ. മാത്യു (സണ്ണി) തടത്തിൽ
ജീവൽ സ്ഥാനമതിൽ നിന്നെ ഏറ്റും നാഥൻ മുഖ തെളിവൊടു പുനരുഥാനത്തിൽ എതിരേൽപിനു പോകും തൽസ്തുതി നീ പാടീടും....”
Comments
Post a Comment