കാമെർലെങ്കോ Camerlengo

കുറേനേരമായല്ലൊ ഫോണിലെ കളി... എന്ന് ചോദിച്ചു കൊണ്ടാണ് സിസ്റ്റർ ഹൃദ്യ അവർ മൂവരുടെയും അടുത്തെത്തിയത്. ഞങ്ങൾ കളിക്കുകയല്ല സിസ്റ്റർ; മാർപാപ്പായുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുകയായിരുന്നു. ജയിസ് മറുപടി കൊടുത്തു.

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പായുടെ വേർപാട്  ഒരേ സമയം ദുഖകരവും ചരിത്രപരവുമായ സംഭവമാണ്.  ഇങ്ങനെയൊരുസമയത്ത്, കത്തോലിക്കാസഭയിൽ "സെദെ വാകാന്തെ" (Sede Vacante)എന്ന പ്രത്യേകകാലഘട്ടമാണെന്ന് അറിയാമോ കുഞ്ഞുങ്ങളേ?

ആൻസി -  സെദെ വാകാന്തെ എന്നത് ലാറ്റിൻ പദമാണ് എന്ന് മനസ്സിലായി, അതിനെ കുറിച്ചു സിസ്റ്ററമ്മ പറഞ്ഞു തരണം എന്നുമാത്രം.

സിസ്റ്റർ -  “പത്രോസിന്റെ സിംഹാസനം ശൂന്യമായിരിക്കുന്നു” എന്നാണ് "സെദെ വാകാന്തെ" (Sede Vacante)എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെടുംവരെ സഭക്ക് മാർപാപ്പ ഇല്ല.

ബ്ലസ്സി - ഒരു സഹ മാർപാപ്പ ഉണ്ടാകുമല്ലൊ?


സിസ്റ്റർ - ഇല്ല. സഭയിൽ ഒരിക്കൽപോലും "വൈസ് പോപ്പ്", സഹ മാർപാപ്പ, ഉപ മാർപാപ്പ  തുടങ്ങിയ സ്ഥാനമില്ല.

ജയിസ് - അങ്ങനെയെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാലൊ...

സിസ്റ്റർ - ഈ സമയത്ത് പ്രധാനപ്പെട്ട ആളാണ് – "കാമെർലെങ്കോ" (Camerlengo)
മാർപാപ്പ മരിച്ചാൽ ഉടൻ പുതിയ മാർപാപ്പ തിരഞ്ഞെടുക്കുന്നതുവരെ നടക്കുന്ന ഓരോ കാര്യത്തിനും ഒരു ക്രമവും ചരിത്രപരമായ ആചാരവും ഉണ്ട്. "കാമെർലെങ്കോ" ആ ക്രമം പാലിക്കാനും സഭയുടെ ശാന്തിയും ക്രമവും നിലനിർത്താനുമുള്ള പ്രധാന ചുമതലയുള്ള വ്യക്തിയാണ്.

എനിക്കറിയാം. ഇപ്പോൾ കാമെർലെങ്കോ ആയി സേവനം ചെയ്യുന്ന വ്യക്തി ആണ് കാർഡിനൽ കെവിൻ ഫാരെൽ 
(Cardinal Kevin Farrell) 
അല്ലേ? ബ്ലസി എല്ലാവരേയും ഒന്ന് നോക്കി.
എങ്കിൽ പിന്നെ "കാമെർലെങ്കോ" (Camerlengo) യുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് പറയാമോ? സിസ്റ്റർ കുട്ടികളെ നോക്കി.
സിസ്റ്ററമ്മ തന്നെ പറഞ്ഞു തരണം ചെറുചിരിയോടെ ജയിസ് പറഞ്ഞു.

സിസ്റ്റർ - എങ്കിൽ വിശദമായി പറയാം.

1. പോപ്പ് മരിച്ചതായി സ്ഥിരീകരിക്കണം.
മറ്റ് വത്തിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് കാമെർലെങ്കോ ഔദ്യോഗികമായി പോപ്പിന്റെ മരണം സ്ഥിരീകരിക്കും.

2. ഫിഷർമാന്റെ മുദ്രവളയം (Ring) പൊട്ടിച്ച് ഒഴിവാക്കണം.
മാർപാപ്പ അധികാരത്തിൽ എത്തുമ്പോൾ ധരിക്കുന്ന ‘ഫിഷർമാൻ റിംഗ്’ മാർപാപ്പ മരിച്ചാൽ തകർക്കപ്പെടും. ഇത് അദ്ദേഹത്തിന്റെ അധികാരം ഇനി നിലനില്ക്കുന്നില്ലെന്ന് കാണിക്കുന്നതും ആ മുദ്രമുദ്രാവാക്യം ഇനി ഉപയോഗിക്കരുതെന്ന് ഉറപ്പാക്കുന്നതുമാണ്.

3. മാർപാപ്പയുടെ മുറികൾ അടച്ച് മുദ്രവെക്കണം.
മാർപാപ്പായുടെ കിടപ്പുമുറിയും ഓഫിസും താൽക്കാലികമായി അടച്ചിടും. അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകൾ തീരുന്നതുവരെ അതിൽ ആരെയും കടക്കാൻ അനുവദിക്കില്ല.

4. റോം രൂപതയെ വിവരം അറിയിക്കുക.
കാമെർലെങ്കോ റോമിലെ കർദ്ദിനാൾ വികാരിയെ വിവരം അറിയിക്കും. അവൻ അത് ജനങ്ങളോട് ഔദ്യോഗികമായി അറിയിക്കും.

5. വത്തിക്കാനിലെ പ്രധാന കെട്ടിടങ്ങൾ കാമെർലെങ്കോയുടെ നിയന്ത്രണത്തിലാകും.
സെന്റ് പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാനിലെ അപ്പോസ്തോലിക് പാലസ്, ലാതറൻ, കാസ്റ്റൽ ഗന്ദോൾഫോ എന്നിവയുടെ താൽക്കാലിക നിയന്ത്രണം കാമെർലെങ്കോക്ക് കൈമാറപ്പെടും.

6. മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ഒരുക്കും.
കർദ്ദിനാൾ സംഘവുമായി ചേർന്ന് മാർപാപ്പയുടെ സംസ്കാരം എങ്ങനെയായിരിക്കും എന്നതും മറ്റു ചടങ്ങുകളും തീരുമാനിക്കും.
മനസ്സിലായൊ? സിസ്റ്റർ തന്നെ ശ്രവിച്ചിരുന്ന കുട്ടികളോടായി സിസ്റ്റർ ചോദിച്ചു.

അതെ, സിസ്റ്റർ. കാമെർലെങ്കോ പോപ്പിന്റെ പകരക്കാരനാകുന്നില്ല. അദ്ദേഹത്തിന് ഉള്ളത് പ്രസക്തമായ ദിവസേന ചുമതലകൾക്കായുള്ള താൽക്കാലിക അധികാരമാണ്. ജയിസ് പറഞ്ഞു.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ സഭയുടെ പ്രധാന കാര്യങ്ങൾ (പണകാര്യങ്ങൾ, സുരക്ഷ, ഒത്തുചേരലുകൾ) എന്നിവ കാമെർലെങ്കോയാണ് നിയന്ത്രിക്കുന്നത്.

നമ്മുക്ക് പ്രത്യാശയോടെ ജാഗരൂകരായി തിരഞ്ഞെടുക്കപ്പെടാൻ പോകുന്ന പുതിയ മാർപാപ്പയ്ക്കായി പ്രാർത്ഥനയോടെ ആയിരിക്കാം. 

അജി ജോസഫ് ✍️

Comments