ജപമാലയും കരുണകൊന്തയും ചൊല്ലുന്നത് തെറ്റാണോ സിസ്റ്ററമ്മേ???

സിസ്റ്ററമ്മേ ഒരു സംശയമുണ്ടേ... കുട്ടികൾ മൂവരും സിസ്റ്റർ ഹൃദ്യയുടെ അടുത്തെത്തി. ചോദിച്ചോളൂ സിസ്റ്റർ ഹൃദ്യ കുട്ടികളോട് പറഞ്ഞു.
ജയിസ് - ജപമാലയും കരുണകൊന്തയും ചൊല്ലുന്നത് തെറ്റാണോ സിസ്റ്ററമ്മേ???

ബ്ലസി -  യാമപ്രാർത്ഥനയെക്കാളും നൊവേനകളും, കൊന്തപ്രാർത്ഥനകളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്ന് പറയുന്നവർ പാരമ്പര്യവാദികളല്ലേ?

ആൻസികുഞ്ഞിനൊന്നും ചോദിയ്ക്കാനില്ലേ കുട്ടികളുടെ സംശയത്തിന്റെ ഗൗരവം മനസ്സിലാക്കിയ സിസ്റ്റർ മൗനമായി നിൽക്കുന്ന ആൻസിയെ നോക്കി...

ആൻസി - സിസ്റ്റർജി എന്റെ അഭിപ്രായത്തിൽ ഈ പറയുന്ന ഭക്താഭ്യാസങ്ങൾ മലങ്കര സുറിയാനി കത്തോലിയ്ക്കാ സഭയിൽ പാടില്ല എന്ന് ആരുംതന്നെ പറയുന്നില്ലല്ലൊ

അതെ ആൻസി പറഞ്ഞതാണു ശരി. മലങ്കര ആരാധനാക്രമം തനിമയിൽ പരികർമ്മം ചെയ്യപ്പെടണം എന്ന് നിഷ്കർഷിച്ചിട്ടുള്ള സഭയാണ്. സഭയിലെ ആരാധനാക്രമത്തോട് ജപമാലകളും, നോവേനകളും കൂട്ടിക്കലർത്താൻ ശ്രമിയ്ക്കുന്നതിനെ കുറിച്ച് പറയുന്ന, തിരുത്തപ്പെടേണ്ടതല്ലേ എന്ന സംശയം ഉന്നയിക്കുന്ന വൈദീകരോ അൽമായരോ പാരമ്പര്യവാദികൾ ആകുന്നതെങ്ങനെയാണ്???
കുറച്ച് കൂടി വ്യക്തമായി പറയാമോ സിസ്റ്റർ ജയിസിനു സിസ്റ്റർ ഹൃദ്യ പറഞ്ഞത് മനസ്സിലായില്ല.

അതിനെന്താ കുറച്ച് കൂടി വ്യക്തമായി പറയാം... സിസ്റ്റർ തുടർന്നു. നിലവിലിപ്പോൾ ചില മലങ്കര പള്ളികളിൽ പെരുന്നാൾ സമയത്തും മറ്റും യാമനമസ്കാരം നടത്താതെ ജപമാല പ്രാർത്ഥനയ്ക്ക് ശേഷം  വിശുദ്ധ കുർബാന നടത്തപ്പെടുന്നത് തെറ്റായ ക്രമമല്ലേ എന്ന് പറയുന്നവർ പാരമ്പര്യവാദികൾ ആകുന്നത് എന്തടിസ്ഥാനത്തിലാണ്? സഭ നിഷ്കർഷിക്കുന്ന അംശവസ്ത്രം ധരിയ്ക്കാതെ ശുശ്രൂഷകൾ ചെയ്യാമോ എന്ന് ചോദിയ്ക്കുന്നയാൾ സഭാവിരോധിയാണോ???

അത് ശരിയാണ് ആൻസി ഇടയ്ക്ക് കയറി സംസാരിച്ച് തുടങ്ങി... ആരാധനാ ക്രമത്തിലെ ശുശ്രൂഷകൾ തെറ്റായി പരികർമ്മം ചെയ്യുകയും പ്രാർത്ഥനകൾ ചുരുക്കുകയും ചെയ്ത് ശരിയേത്, തെറ്റേത് എന്നറിയാത്ത ഒരവസ്ഥയിൽ ആകുന്നതിനു കാരണമാകാതിരിക്കാൻ അറിവുള്ളവരുടെ ഇപ്രകാരമുള്ള ഇടപെടൽ സഹായകരമാകും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ജയിസ് - അത് ശരിയാണല്ലൊ
ബ്ലസി -  ശരിയായ രീതികളെ കുറിച്ച് പറയുന്നവരെ പാരമ്പര്യവാദിയെന്നും, വിമർശകനെന്നും വിളിച്ച് തെറ്റായ കാര്യങ്ങൾ ചെയ്യുന്നവർ സ്വയം ന്യായീകരിയ്ക്കുവാൻ ശ്രമിയ്ക്കുന്നതാണല്ലേ.

ഒരു ചെറു പുഞ്ചിരിയോടെ സിസ്റ്റർ തുടർന്നു... ക്രൈസ്തവ ലോകത്തിലെ എറ്റം മാനോഹരമായ ആരാധനാക്രമമെന്ന് ആരാധനാക്രമ പണ്ഡിതന്മാർ വിശേഷിപ്പിയ്ക്കുന്ന അന്ത്യോക്യൻ ആരാധനാക്രമം ഭാഗ്യവശാൽ മലങ്കര സഭയ്ക്കും ലഭ്യമായി. ആരാധനക്രമത്തെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ ശരിയായ വിശ്വാസം സംരക്ഷിക്കുന്നതിനും സഭാത്മകമായ ആദ്ധ്യാത്മികത പുലർത്തുന്നതിനും അത്യാവശ്യമാണ്.

അത് ഞങ്ങൾക്ക് മനസ്സിലായി സിസ്റ്റർ സഭയുടെ ആരാധനാക്രമത്തിന്റെ അർത്ഥവും സമ്പന്നതയും വേണ്ടരീതിയിൽ മനസ്സിലാക്കിയാലേ അതിലെ പങ്കാളിത്തം സജീവവും സമ്പൂർണവും ആകുകയുള്ളൂ എന്ന് ഈയിടെ ശെമ്മാശൻ പറഞ്ഞത് ഓർക്കുന്നു കുട്ടികൾ മൂവരും സിസ്റ്ററിനെ നോക്കി...

എങ്കിൽ പിന്നെ നിങ്ങളുടെ  സംശയം തീർന്നല്ലോ...

മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങൾക്കും, വീഡിയോകൾക്കും, ആനുകാലിക വാർത്തകൾക്കുമായി https://www.facebook.com/kholodmalankara/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക. www.malankaravoice.in

Comments